ചിത്രകാരൻ , എഴുത്തുകാരൻ, കലാ ചരിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ദിനനാഥ് പതി , ഒഡീസയിൽ ആണ് ജനിച്ചത്. തന്റെ സംസ്ഥാനത്തിന്റെ കല, ലോകത്തിനുമുൻപിൽ അവതരിപ്പിച്ചതിൽ അദ്ദേഹത്തിന് ഒരു പ്രധാന പങ്കുണ്ട് . തിയേറ്റർ കർട്ടനുകൾ വരച്ചു കൊണ്ട് വളരെ താഴ്ന്ന നിലയിൽ തന്റെ കലാജീവിതം ആരംഭിച്ച അദ്ദേഹം, പിന്നീട് ന്യൂ ഡൽഹിയിൽ നാഷണൽ അക്കാദമി ഓഫ് ആര്ട്ട്, ലളിത കലാ അക്കാദമി എന്നിവയുടെ സെക്രട്ടറിയായും, ഒഡിഷ ലളിത കലാ അക്കാദമിയുടെ പ്രസിഡന്റ് ആയും പ്രവർത്തിച്ചു. ഭുവനേശ്വറിലെ ബി കെ കോളേജ് ഓഫ് ആര്ട്ട് ആൻഡ് ക്രഫ്റ്റിന്റെ സ്ഥാപക പ്രിൻസിപ്പാളാണ് . തവിട്ടു നിറത്തിന്റെ വകഭേദങ്ങളുപയോഗിച്ച് ഗ്രാമങ്ങളിലെ കാർഷിക കാഴ്ചകളാണ് അദ്ദേഹം രചനക്ക് വിധേയമാക്കുന്നത്. പ്രസിഡന്റ് ഓഫ് ഇന്ത്യയുടെ ചിത്ര രചനക്കുള്ള സിൽവർ പ്ലാക് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ തന്റെ ആത്മകഥക്ക് ഒഡിഷ സാഹിത്യ അക്കാദമി അവാർഡും, കലാപഠനത്തിന് ജവാഹർലാൽ നെഹ്‌റു ഫെൽലോഷിപ്പും അദ്ദേഹം നേടിയിട്ടുണ്ട്. റൈറ്റ്‌ബെർഗ് സൊസൈറ്റിയുടെ ഇന്റർനാഷണൽ റൈറ്റ്‌ബെർഗ് അവാർഡിന് നാമനിർദേശം ചെയ്യപ്പെടുകയുണ്ടായി . ഇന്ത്യക്കകത്തും പുറത്തും പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. അനേകം പുസ്തകങ്ങൾ രചിക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവയിൽ കലാ ചരിത്ര പഠനങ്ങളും, കവിതകളും ചെറു കഥകളും ഉൾപെടുന്നു.