ആധുനിക ഇന്ത്യൻ കലാ ലോകത്തെ അതികായനാണ് ബി.സി.സന്യാൽ എന്നറിയപ്പെടുന്ന ബാബേഷ് ചന്ദ്ര സന്യാൽ. ആസ്സാമിലെ ധുബ്രിയിൽ ജനിച്ച അദ്ദേഹം കൊൽക്കൊത്തയിലെ ഗവണ്മെന്റ് സ്‌കൂൾ ഓഫ് ആര്ട്ട് ആൻഡ് ക്രാഫ്റ്റിൽ ആണ് പഠിച്ചത് .
ദീർഘമായ തന്റെ കലാപ്രവർത്തന കാലത്ത് , കൊളോണിയൽ, ബംഗാൾ സ്‌കൂൾ , മോഡേണിസം എന്നീ രീതികളെല്ലാം, അദ്ദേഹം നിരീക്ഷണത്തിലൂടെയും , പ്രവർത്തനത്തിലൂടെയും പരീക്ഷിച്ച് തന്റെ സ്വന്തം സ്വതന്ത്രമായ, ശക്തമായ ശൈലി രൂപീകരിച്ചു. സത്യസന്ധതയിലും , ഗ്രാമീണ ഇന്ത്യയോടുള്ള സ്നേഹത്തിലും അധിഷ്ഠിതമായിരുന്നു ഈ ശൈലി . ജലച്ചായവും, എണ്ണച്ചായവും അദ്ദേഹം ഉപയോഗിച്ചു . സാമ്പത്തികമായ ഇല്ലായ്മയുടെ വല്ലായ്മ, മനുഷ്യരുടെ പോരാട്ടങ്ങൾ എന്നീ വിഷയങ്ങളെ അധികരിച്ചുള്ളവയായിരുന്നു അദ്ദേഹത്തിന്റെ കൃതികൾ. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധയാർജ്ജിച്ച രചന , 'ദി വെർട്ടിക്കൽ ഫിഗർ' എന്ന് പേരിട്ട അദ്ദേഹത്തിന്റെ അമ്മയുടെ ശില്പമാണ്
1929 ൽ അദ്ദേഹം ലാഹോറിലെ മേയോ കോളേജിൽ പഠിപ്പിച്ചു. പിന്നീട് അദ്ദേഹം ലാഹോർ സ്‌കൂൾ ഓഫ് ഫൈൻ ആർട്സ് സ്ഥാപിച്ചു. 1949 ൽ അദ്ദേഹം ഡൽഹി ശില്പി ചക്ര എന്ന പേരിൽ ഇന്ത്യയിലെ ആദ്യത്തെ സർക്കാരിതര കലാകാരന്മാരുടെ സംഘടനക്ക് രൂപം കൊടുത്തു. അതിനു ശേഷം അദ്ദേഹം ഡൽഹി പോളിടെക്നിക്കിലെ ഡീൻ ആയി സ്ഥാനമേറ്റു. അതോടൊപ്പം ലളിത കല അക്കാദമിയുടെ സെക്രട്ടറിയും ആയി. അദ്ദേഹത്തിന്റെ വിവിധ നേട്ടങ്ങളിൽ , പ്രദർശനങ്ങൾ, പുരസ്കാരങ്ങൾ , ഫെലോഷിപ്പുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. ഇതിൽ പ്രധാനപ്പെട്ടവയാണ് 1980 ലഭിച്ച ലളിത കല അക്കാഡമി ഫെലോഷിപ്പ് ഫോർ ലൈഫ് ടൈംഅച്ചീവ്‌മെന്റ് ,1984 ൽ ലഭിച്ച പദ്മ ഭൂഷൺ എന്നിവ. പെയ്ൻറ്റർ , ശില്പി, അദ്ധ്യാപകൻ, ആര്ട്ട് സ്‌കൂൾ ഭരണാധികാരി എന്നീ നിലകളിലെല്ലാം ബി.സി.സന്യാൽ ഇന്ത്യയിലെ ആധുനിക കാലാകാരന്മാരുടെ എല്ലാം പ്രചോദനമാണ് - കൃഷൻ ഖന്ന മുതൽ സതീഷ് ഗുജ്റാൾ വരെയും അതിനപ്പുറം ഉള്ളവരും അദ്ദേഹത്തിൽ നിന്നും പ്രചോദനം നേടിയവരിൽ ഉൾപ്പെടും.