1879 ൽ മാവേലിക്കരയിൽ ജനിച്ച രാമ വർമ്മ, ആർട്ടിസ്റ്റ് രാജ രവി വർമ്മയുടെ രണ്ടാമത്തെ പുത്രനാണ്. അച്ഛന്റെ കലാ പാരമ്പര്യം സിദ്ധിച്ച അദ്ദേഹം, കാൻവാസിൽ എണ്ണച്ചായം ഉപയോഗിച്ച് ഛായാ ചിത്രങ്ങൾ വരച്ചു. മുംബൈയിലെ ജെ.ജെ.സ്‌കൂൾ ഓഫ് ആർട്സിൽ പഠനം നടത്തിയ ശേഷം കേരളത്തിൽ തിരിച്ചു വന്ന അദ്ദേഹം രാജ രവി വർമ്മ സ്‌കൂൾ ഓഫ് പെയ്ന്റിങ് ആരംഭിച്ചു. അതാണ് ഇന്ന് കേരളത്തിലെ ഒന്നാം കിട ലളിത കലാ പഠന കേന്ദ്രങ്ങളിൽ ഒന്നായ മാവേലിക്കരയിലെ രാജ രവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ്. സ്‌കെച്ചുകൾ, ഛായാ ചിത്രങ്ങൾ , ഇതിഹാസങ്ങൾ അവലംബിച്ചുള്ള രചനകൾ, പ്രകൃതി ദൃശ്യങ്ങൾ, എന്നിവയ്‌ക്കൊപ്പം, തനിക്കു ചുറ്റും കാണുന്ന സാധാരണ ദൃശ്യങ്ങളും അദ്ദേഹം തന്റെ രചനക്ക് വിധേയമാക്കി. രാജ്യത്തെ പല കലാ ശേഖരങ്ങളിലും അദ്ദേഹത്തിന്റെ രചനകൾ കാണാവുന്നതാണ്. ന്യൂ ഡൽഹിയിലെ പാർലിമെന്റ് മന്ദിരത്തിൽ വച്ചിട്ടുള്ള ജവാഹർലാൽ നെഹ്‌റു, വല്ലഭ് ഭായ് പട്ടേൽ എന്നിവരുടെ വലിയ ഛായാ ചിത്രങ്ങൾ രാമ വർമ്മയുടെ രചനകളാണ്.