ബ്രിട്ടീഷ് ഭരണ കാലത്തെ ഇന്ത്യയിൽ, ബംഗാളിലാണ് ചൗധുരി ജനിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം ചിത്ര രചന ആരംഭിച്ചു. ന്യൂ ഡൽഹിയിലെ കൊളേജ് ഓഫ് ആർട്ടിൽ ചൗധുരി അധ്യാപകനായിരുന്നു. വിദേശത്ത് എൺപതിലധികം ഏകാംഗ പ്രദർശനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. 1970 ൽ ജനീവയിൽ സാൽവദോർ ദാലിയുടെയും ജോൻ മിറോയുടെയും രചനകൾക്കൊപ്പം അദ്ദേഹത്തിന്റെ ചിത്രങ്ങളും പ്രദർശിപ്പിക്കപ്പെട്ടു.
പ്രശസ്ത കലാ ശേഖരങ്ങളായ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്, ലളിത് കല അക്കാഡമി, രാഷ്ട്രപതി ഭവൻ , ബെൽജിയം, ഓസ്ട്രേലിയ, നെതെർലാൻസ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളുടെ എംബസികൾ എന്നിവടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ രചനകൾ ഉണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര കാലത്ത് ജനിച്ച അദ്ദേഹത്തിന്റെ രചനകളിൽ സമകാലീന ഇന്ത്യയുടെ സാമൂഹ്യ, രാഷ്ട്രീയ സ്ഥിതിയുടെ വിവരണങ്ങൾ കാണാവുന്നതാണ്. ചലനാത്മകമായ സംവിധാനത്തിലൂടെ തന്റെ കഥാപാത്രങ്ങളെ ജീവസ്സുറ്റതായി കാൻവാസിൽ അവതരിപ്പിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ചഞ്ചലമായ അദ്ദേഹത്തിന്റെ വരകൾ പാരമ്പര്യത്തെ വെല്ലുവിളിക്കുന്നവയാണ്. ചൗധുരിയുടെ വിഷയങ്ങളും, രംഗയോജനവും (scenario) ക്ഷോഭമുണര്‍ത്തുന്നതും , ചലനാല്മകവുമാണ്. മൂർച്ചയേറിയ നർമ്മബോധമാണ് അവയിൽ കാണപ്പെടുന്നത്.