ഇന്ത്യൻ കലാ ലോകത്തെ തലയെടുപ്പുള്ള ചിത്രകാരനാണ് കെ.ജി. സുബ്രമണ്യൻ. ബഹുമുഖ പ്രതിഭയും പണ്ഡിതനും ആയ അദ്ദേഹം ശാന്തിനികേതനിൽ നന്ദലാൽ ബോസ് , വിനോദ് ബിഹാരി മുഖർജി എന്നിവരുടെ കീഴിലാണ് പരിശീലനം നേടിയത്. 1951 ൽ അദ്ദേഹം ബറോഡയിൽ എം എസ് യൂ വിൽ ഫാക്കൽറ്റി ഓഫ് ഫൈൻ ആർട്സിൽ ലെക്ച്ചറർ ആയി ചേർന്നു. ശാന്തിനികേതനിൽ പിന്തുടരുന്ന സഹകരണത്തിൽ ഊന്നിയ ചുമർ ചിത്ര പാരമ്പര്യം ബറോഡയിൽ കൊണ്ടുവന്നു. അതോടൊപ്പം പഠന വിഷയങ്ങളിൽ നാടൻ കലയുടെയും ഗോത്രസംബന്ധിയായ കലകളുടെയും 'സജീവമായ പാരമ്പര്യം' കൊണ്ടുവരുവാനും പരിശ്രമിച്ചു. ഇന്ത്യൻ ഇതിഹാസങ്ങളിൽ നിന്നും നാടോടിക്കഥകളിൽ നിന്നും പ്രചോദനം ഉൾകൊണ്ട അദ്ദേഹം തന്റെ രചനകൾ വിവിധ മാധ്യമങ്ങളിൽ പ്രകാശിപ്പിച്ചു. അതിൽ ചിത്ര രചന, ചുമർ ചിത്രങ്ങൾ, കളിമൺ കൊണ്ടുള്ള നിർമാണം, നെയ്ത്ത് , ഗ്ലാസ് പെയിന്റിംഗ് എന്നിവയെല്ലാം ഉൾപെട്ടിരുന്നു . സമകാലീക ഇന്ത്യൻ കലയുടെ പഠനത്തിൽ അദ്ദേഹത്തിന്റെ ഇന്ത്യൻ കലകളെ കുറിച്ചുള്ള രചനകൾ അത്യധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്.